മദ്യപന്മാർക്ക് ഓൺലൈൻ വഴി മദ്യം ലഭിക്കാൻ അധികം കാത്തിരിക്കേണ്ടിവരില്ല.
ഇപ്പോൾ പാലക്കാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഏത് ബ്രാന്റ് മദ്യം വേണമെങ്കിലും എത്തിച്ചു തരാൻ മദ്യ മൊബൈൽ സംഘങ്ങൾ തയ്യാറാണ്.
ചിറ്റൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ പോലുള്ള സ്ഥലങ്ങളിലെ സർക്കാർ മദ്യഷാപ്പുകൾ ബാറുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയും കോടതി വിധിയുടെ മറവിലും ഇല്ലാതായപ്പോൾ മദ്യം ലഭിക്കണമെങ്കിൽ പത്തും പതിനഞ്ചും കിലോമീറ്റർ യാത്ര ചെയ്ത് നിയമപാലകന്മാരുടെ കണ്ണ് വെട്ടിച്ചും മദ്യം ഒപ്പിച്ചെടുക്കാൻ മദ്യപന്മാർ പെടുന്ന പെടാപ്പാട് ഒഴിവാക്കാനും മദ്യപന്മാരെ സഹായിക്കാനുമാണ് മൊബൈൽ സംഘം കഷ്ടപ്പെടുന്നത്.
കണിശക്കാരൻ എക്‌സൈസ് കമ്മീഷണർ ഹോട്ടലുകളിൽ ബിയർ ഉല്പാദിപ്പിക്കുന്ന ചെപ്പടിവിദ്യ പഠിക്കുന്ന തിരക്കിലായപ്പോൾ മറ്റ് ഉന്നത ഉദ്യോഗസ്ഥർ മദ്യപന്മാരുടെ കഷ്ടപ്പാട് മനസിലാക്കി ഒന്ന് കണ്ണടക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ നിലപാടിലും ഒരു ന്യായമുണ്ടെന്ന് വേണം കരുതാൻ. നാട്ടിൽ മദ്യമില്ലെങ്കിൽ പിന്നെന്തിന് എക്‌സൈസ് വകുപ്പ്.
തമിഴ്‌നാട്ടിലെ പോലെ റവന്യു വകുപ്പിനെ ഏല്പിച്ച് മന്ത്രിക്ക് പേരുദോഷമില്ലാത്ത മറ്റൊരു വകുപ്പ് വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. മദ്യത്തിന്റെയും മദ്യപന്മാരുടെയും ശക്തി എന്താണെന്ന് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കാണിച്ചുകൊടുത്തതല്ലേ.
യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയവും വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ, എ.കെ. ആന്റണി എന്നീ സമുന്നത നേതാക്കളുടെ ആദർശശുദ്ധിയും ജനങ്ങളെ സംരക്ഷിക്കാനുള്ള വ്യാഗ്രതയും വിലപ്പോകില്ലെന്ന് മനസ്സിലായി കാണില്ല. കേരളത്തിൽ മദ്യനിരോധനം മലർപൊടിക്കാരന്റെ സ്വപ്‌നം മാത്രം

 

LEAVE A REPLY

Please enter your comment!
Please enter your name here