സ്വന്തം ലേഖകൻ
ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് ഒരുപാട് മോഹനവാഗ്ദാനങ്ങൾ നൽകിയാണ് അധികാരത്തിൽ വന്നത്. എന്നാൽ ഇതുവരെയുള്ള ഭരണനേട്ടങ്ങൾ വിലയിരുത്തിയാൽ ഇന്ത്യൻ ജനത പരിഭ്രാന്തിയിലായിരിക്കുകയാണ്.
വിദേശക്കള്ളപ്പണം പിടിച്ചെടുത്ത് ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നൽകുമെന്ന് പറഞ്ഞതാണ്. എന്നാൽ അതൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. നോട്ട് നിരോധനം, ജി.എസ്.ടി., ഇന്ധന വിലയിലെ പരിഷ്‌കാരങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികൾ നടപ്പിലാക്കി കഴിഞ്ഞപ്പോൾ ജനങ്ങൾ ഭയന്ന് അങ്കലാപ്പിലായിരിക്കുകയാണ്.
ജി.എസ്.ടി. നടപ്പിലാക്കിയിട്ടും നിത്യോപയോഗ സാധനങ്ങൾക്ക് യാതൊരു വിലക്കുറവും ഉണ്ടായിട്ടില്ല. എന്നാൽ ദൈനംദിനം വിലക്കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. നികുതി ഒഴിവാക്കിയ ഉൽപ്പനങ്ങൾക്ക് പോലും നിയന്ത്രണമില്ലാതെ വില കൂടിയിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെട്ടതും ബീഫ് നിരോധനം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കൃഷി നാശത്താൽ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷക കുടുംബങ്ങൾ ജീവിക്കാൻ വഴിയില്ലാതെ നരകയാതന് അനുഭവിച്ച് വരുകയാണ്. മാസങ്ങളായി തമിഴ്‌നാട് കർഷകർ ഡൽഹിയിൽ ചെന്ന് രാജ്യം ഇതുവരെ കാണാത്ത സമരപരിപാടികളാണ് നടത്തി വരുന്നത്.
വൻകിട കുത്തക മുലതാളിമാരുടെ ആയിരക്കണക്കിന് കോടികളുടെ കിട്ടാക്കടങ്ങളാണ് എഴുതി തള്ളുന്നത്. ഇതേ സമയം പാവപ്പെട്ട കൃഷിക്കാരുടെ ചെറിയ തുകകൾ പോലും എഴുതി തള്ളാൻ തയ്യാറാകാതെ പ്രധാനമന്ത്രി വിദേശയാത്രകൾ തുടർന്നും നടത്തിവരികയാണെന്ന് കർഷകർ ആരോപണം ഉന്നയിക്കുന്നു.
നോട്ട് നിരോധനത്താൽ പ്രതീക്ഷിച്ച നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് ജനങ്ങൾക്ക് നേരിടേണ്ടി വന്നത്. പുതിയ കറൻസി അച്ചടിക്കാനും മറ്റുമായി ആയിരക്കണക്കിന് കോടി രൂപയാണ് അനാവശ്യമായി ചെലവാക്കേണ്ടി വന്നതെന്നും കർഷകർ പരാതിപ്പെടുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാട് കോർപ്പറേറ്റുകളെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണെന്നും പ്രതിപക്ഷകക്ഷി നേതാക്കൾ അക്കമിട്ട് നിരത്തുന്നു. പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങളിൽ പോയി ചേരാൻ വർഷങ്ങൾ കഴിയുമെന്ന ആശ്വാസത്തിലാണ് ബി.ജെ.പി. നേതാക്കൾ.
18 ഓളം സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പിയ്ക്ക് പ്രതിപക്ഷങ്ങളുടെ ഭീഷണികളിലൊന്നും ആശങ്കയില്ലെന്ന് വേണം കരുതാൻ. കേരളത്തിലാണെങ്കിൽ നേതാക്കളെ അമിത് ഷായ്ക്ക് വിശ്വാസമില്ല. അതിനാണാല്ലോ വർഷങ്ങളോളും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് പാരമ്പര്യമുള്ള മുഴുവൻ നേതാക്കളെയും ഒഴിവാക്കി സുരേഷ് ഗോപിയെന്ന സിനിമാ നടനെ രാജ്യസഭയിലേക്ക് അയച്ചതും അവസാനമായി രായിയ്ക്ക് രാമാനും കണ്ണന്താനം ഐ.എ.എസിനെ തിരഞ്ഞ്പിടിച്ച് മന്ത്രിയാക്കിയതും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷായുടെ കണക്കുകൂട്ടൽ കേരളത്തിൽ വിലപ്പോകില്ലെന്നു തന്നെയാണ് ഇടതും വലതും നേതാക്കൾ വിശ്വസിക്കുന്നത്. കൂനിൻമേൽ കുരുവെന്നോണം പ്രമുഖ ഘടകകക്ഷി നേതാവ് മുഖ്യനെ കണ്ടതും ചില പരസ്യപ്രസ്താവനകൾ നടത്തിയതും. ഉദ്ദേശിച്ച നേട്ടങ്ങൾ കൈവരിക്കാനാണെന്ന സത്യം കേരള ജനത തിരിച്ചറിയുമെന്നാണ് ബി.ജെ.പി. നേതാക്കൾ രഹസ്യമായി പറയുന്നത്.
ജി.എസ്.ടി. ഏർപ്പെടുത്തിയ സംഭവം ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. വിശപ്പ് മാറ്റാൻ കഴിക്കുന്ന ആഹാരത്തിന് 18 ശതമാനം തൊട്ട് 24 ശതമാനം വരെ നികുതി ഈടാക്കുന്നു. ഭക്ഷണമുണ്ടാക്കുന്ന പദാർത്ഥങ്ങൾക്ക് നികുതി വേറെയും ഈടാക്കുന്നു.
കെട്ടിടനിർമ്മാണ മേഖലകൾ ആകെതകർന്ന് താറുമാറായിരിക്കുകയാണ്. കൺസ്ട്രക്ഷൻ തൊഴിലാളികളുടെ കൂലി കണക്കാക്കി വലിയൊരു ശതമാനം കോൺട്രാക്ടർമാർ നികുതി അടക്കുന്നതും നിർമ്മാണ മേഖലയെ ബാധിച്ചിരിക്കുകയാണ്. മൊത്തത്തിൽ കേന്ദ്ര സർക്കാർ ജനഹിതമനുസരിച്ച് ഭരണം നടത്തണമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here