റവന്യൂ വകുപ്പ് ജനദ്രോഹമായി മാറുന്നു

0
25

ഉബൈദ് പാലക്കാട്
കേരളത്തിലെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും റീസർവ്വേ നടത്തിയതിനുശേഷം അധികൃതരുടെ അനാസ്ഥയും അലംഭാവും കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ഇരുപതിലേറെ കൊല്ലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമികളുടെ രേഖകളിലാണ് വ്യാപകമായി സർവ്വേ നമ്പറുകൾ മാറിയിരിക്കുന്നത്. ആധാരത്തിലും അടിയാധാരത്തിലും പട്ടയത്തിലും വില്ലേജ് ഓഫീസുകൡ നിന്നും വർഷങ്ങളായി നൽകിവന്നിരുന്ന കൈവശസർട്ടിഫിക്കറ്റിലും ഉണ്ടായിരുന്ന സർവ്വേ നമ്പറുകളാണ് പൊടുന്നനെ മാറിയിരിക്കുന്നത്. ഇതിനാൽ ഭൂവുടമകൾ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്ത് വിൽക്കാന് കഴിയാതെ നട്ടം തിരിയുകയാണ്.
ബി.ടി.ആർ. രേഖകളിൽ കാണുന്ന സർവ്വേ നമ്പറാണ് കൈവശ സർട്ടിഫിക്കറ്റിൽ എഴുതിയിരിക്കുന്നതെന്നാണ് വില്ലേജ് ഓഫീസർമാരുടെ മറുപടി. അപ്പോൾ ഇത്രയും കാലവും തന്ന കൈവശസർട്ടിഫിക്കറ്റിലും എല്ലാ രേഖകളിലും ഉള്ള നമ്പറുകൾ ബി.ടി.ആർ. രേഖകളിലും പരിശോധികാതേയാണ് മുൻപുണ്ടായിരുന്ന ഉദ്യോഗസ്ഥർ പൊസഷൻ തന്നത് എന്നാണത്രെ നിലവിലുള്ള വില്ലേജ് ഓഫീസർമാർ പറഞ്ഞ് തടിതപ്പുന്നത്.
കൈവശസർട്ടിഫിക്കറ്റിൽ സർവ്വേ നമ്പർ മാറിയാൽ ഭൂമി രജിസ്റ്റർ ചെയ്യണമെങ്കിൽ വില്ലേജ്
ഓഫീസർ സാക്ഷ്യപത്രം നൽകണം. എന്നാൽ സാക്ഷ്യപത്രം നൽകരുതെന്ന കളക്ടർ ഉത്തരവിറക്കിയതിനാൽ അതിനും വഴിയില്ല. ഈ സാഹചര്യത്തിൽ ഭൂവുടമ ലക്ഷങ്ങൾ കൈമടക്കു നൽകി ഉന്നതതലങ്ങിൽ നിന്നും സ്വാധീനം ചെലുത്തിവേണം സ്വന്തം ഭൂമി അത്യാവശ്യ സമയത്ത് വിൽപ്പന നടത്താൻ. വൻ തുക കൈകൂലി നൽകിയാൽ ആവശ്യത്തിന് രേഖകൾ മാറ്റാം. ഭൂമിയുടെ ക്ലാസിഫിക്കേഷൻവരെ മാറ്റി നിലം പറമ്പാക്കിയും പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുന്ന റിയൽ എസ്റ്റേറ്റ് ദല്ലാളന്മാർ ഇപ്പോഴും വിലസുന്നുണ്ട്. ഇവർക്ക് മൂക്കുകയറിടാൻ മുൻ മുഖ്യമന്ത്രി ശ്രമം നടത്തിയെങ്കിലും വൻകിട ഇടപെടൽ കാരണം മുന്നോട്ട് പോകാനായില്ല. മാറിമാറി വരുന്ന സർക്കാരുകൾ വരുത്തുന്ന പരിഷ്‌ക്കാരങ്ങൾ ജനങ്ങളെ ദ്രോഹിക്കാൻ മാത്രമാണ് മുൻകാലങ്ങളിൽ കൈവശസർട്ടിഫിക്കറ്റ് ലഭിക്കാൻ 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ നൽകിയാൽ അരമണിക്കൂറിൽ വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും. ആ സ്ഥാനത്ത് നിലവിലെ സംവിധാനം പരിശോധിക്കാം. ഒറിജിനൽ ആധാരവുമായി അക്ഷയയിൽ ചെന്ന് ക്യൂ നിന്ന് 30 രൂപ കൊടുത്ത് കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തി തരുന്ന കടലാസുമായി വില്ലേജ് ഓഫീസിൽ 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച് രേഖ ക്യൂ നിന്ന് വില്ലേജിൽ നൽകി നാല് ദിവസം കഴിഞ്ഞ് സെൽഫോണിൽ മെസ്സേജ് വരുന്ന നേരം അക്ഷയയിൽ വീണ്ടും ക്യൂ നിന്ന് പൊസഷൻ വാങ്ങാവുന്നതാണ്. സെൽഫോണില്ലാത്ത പാവപ്പെട്ടവർക്ക് പെരുവഴി തന്നെ ആധാരം.
ഈ വിധത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് ഇതാ വരുന്നു റവന്യൂ വകുപ്പിന്റെ ജനങ്ങൾക്കുള്ള ഓണസമ്മാനം. പത്രങ്ങളിൽ വരുന്ന വാർത്ത കണ്ടുപിടിച്ച് വില്ലേജ് ഓഫീസുകാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ രാവിലെ തന്നെ ആധാരം, അടിയാധാരം, തിരിച്ചറിയൽ രേഖ (ആധാർ), നികുതി രശീത് എന്നിവയുമായി ക്യൂ നിൽക്കണം. വാർദ്ധക്യത്താൽ നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത പരസഹായമില്ലാതെ വിശന്ന് വലഞ്ഞ് ദാഹജലം പോലുമില്ലാതെ കഷ്ഠതയനുഭവിച്ച് മേലാളന്മാരുടെ അടുത്തെത്തുമ്പോൾ അടിയാധാരം കൊണ്ടുവരണമെന്ന് പറഞ്ഞ് ഒഴിവാക്കും. അതേ സമയം ക്യൂ നിൽക്കുന്ന വയസ്സായവരുടെ രേകകൾ ഒന്ന് നോക്കി ഉറപ്പ് വരുത്തികൊടുക്കാൻ പോലും ആരും തയ്യാറല്ല. ഇത്തരം സംഭവങ്ങൾ കണ്ട് പാവപ്പെട്ടവർ കണ്ണീരൊഴുക്കുകയാല്ലാതെ വേറെ പോംവഴിയില്ല. വകുപ്പ് മന്ത്രമാർക്കാണെങ്കിൽ ഇതിനൊന്നും സമയം കണ്ടെത്താനാവില്ല. അത്രയ്ക്ക് തിരക്കാണ്! തണ്ടപ്പേർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് എന്തിനാണെന്ന് പോലും പാവപ്പെട്ടവർക്ക് അറിയുന്നില്ല.
വില്ലേജ് ഓഫീസുകളിലും പഞ്ചായത്തുകളിലും വൻതുകകൾ കൈക്കൂലി നൽകാതെ ഒരു കാര്യവും നടക്കുന്നില്ല. ഒരു ചെറിയ പലചരക്ക് കട തുടങ്ങാൻ പഞ്ചായത്ത് അധികൃതർ 30000 രൂപ വരെ കൈക്കൂലി വാങ്ങുന്നതായി കൊടുത്തവർ തന്നെ പരാതിപ്പെടുന്നു.
അഴിമതി തുടച്ചു നീക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ ഇടത് സർക്കാരിന് ഉദ്യോഗസ്ഥ സംഘടനകൾ തന്നെ പാരയായിരിക്കുകയാണ്. കൈക്കൂലിയുടെ സർവ്വേ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ചില വകുപ്പ് മന്ത്രിമാർ ഉണർന്ന് പ്രവർത്തിക്കുമെന്നാണ് ജനങ്ങൾ കരുതിയത്. രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ്, അധികാരം ജനങ്ങളിലേക്ക് പകർന്ന് കൊടുത്തപ്പോൾ കൈക്കൂലിയുടെ വലിപ്പവും വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
ഇതെല്ലാം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഒരു പ്രാർത്ഥനയേയുള്ളു. ഇനിയെങ്കിലും ജനങ്ങളെ സേവിക്കാൻ എന്ന് പറഞ്ഞ് നാണമില്ലാതെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വോട്ടഭ്യർത്ഥനയുമായി ഞങ്ങളുടെ അടുത്തേക്ക് ദയവുചെയ്ത് വരരുതേയെന്ന് മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here